By Anusha Vijayan

undefined

എത്രയൊക്കെ മനസ്സിൽ താഴിട്ടുപൂട്ടിയാലും ഓർമ്മകൾ കിനിഞ്ഞിറങ്ങുന്ന ചില സന്ദർഭങ്ങളെങ്കിലും ജീവിതം കാത്തുവെക്കും. അതിന്റെ സുഗന്ധത്തിൽ നഷ്ടത്തിന്റെ യാഥാർഥ്യവും, ചില നഷ്ടബോധങ്ങളും ഹൃദയത്തിൽ ഒരു വിങ്ങലായി അവശേഷിക്കും. ഒരു ചെറുപുഞ്ചിരി ബാക്കിയാക്കുന്ന ആ  ഹൃദയസ്പന്ദനങ്ങൾക്ക് മുന്നിൽ, ബാല്യകാലസ്മരണകളിലേക്ക് ഒരു ചികഞ്ഞുനോട്ടം.


ഓടിളകി അരിച്ചിരിങ്ങിയ ആ സൂര്യവെളിച്ചം ഓർമകളിൽ തറവാടുവീട്ടിലെ അടുക്കളയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ആദ്യമായി ആ സൂര്യകിരണങ്ങൾ കണ്ടത് അവിടെയായിരുന്നു. രാവിലെ കുളിമുറിയിലേക്കുള്ള വഴിയിൽ കറുത്തിരുണ്ട നിലത്തു വീണ ഒരു ചതുരവെട്ടം. മുകളിലേക്ക് നോക്കിയപ്പോൾ കണ്ണുചിമ്മിക്കുന്ന വെളിച്ചം. ഇറുക്കിയടച്ച കണ്ണുകൾ പതുക്കെ തുറന്നപ്പോൾ കണ്ടത് ഓടുകൾക്കിടയിലെ തെളിഞ്ഞ ചില്ലായിരുന്നു. അല്പം പിറകിലേക്ക് മാറി ആ വെട്ടത്തിന്റെ നേർവഴി പുസ്തകത്തിലെ വരകൾ പോലെ കണ്ടിട്ടുണ്ട്. ആ രശ്മികളിൽ ഇളകിമറിയുന്ന പൊടിപടലങ്ങൾ എന്നും ഒരു കൗതുകമായിരുന്നു.


പിന്നീട് ആ വെട്ടം കണ്ടതും അതേ തറവാട്ടിലെ കൊട്ടിലകത്തായിരുന്നു. ഓർമയിലേക്ക് മായും മുമ്പ് അവസാനമായി ഒരിക്കൽക്കൂടി. ആദ്യത്തെ ഓടിളക്കിയപ്പോൾ കൗതുകമായിരുന്നു. പിന്നെ കഴുക്കോലും വാരിയും, അങ്ങനെ അസ്ഥികൂടം മാത്രം ബാക്കിയായപ്പോൾ അകവും പുറവും തമ്മിൽ വ്യത്യാസമില്ലാതെ തണൽ തരുന്ന ഒരിടമല്ലാതായി ആ വീട്‌ മാറുകയായിരുന്നു. ഇന്ന് അരിച്ചിറങ്ങിയ ആ വെട്ടത്തിന്റെ ഓർമയിൽ മുകളിലേക്ക് നോക്കുമ്പോൾ കറങ്ങുന്ന സീലിംഗ് ഫാനിനെ താങ്ങിനിർത്തുന്ന വാർപ്പ് മേൽക്കൂരയാണ് കണ്ടത്. ഇന്നും ആ ഇരുണ്ട അകത്തളത്തിൽ കഴിയാൻ മനസ്സിൽ ഒരു വെമ്പലാണ്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നുറപ്പുള്ള ഒരു കുഞ്ഞു സ്വപ്നം !


ഇതിനിടയിൽ വേനൽമഴക്കായി ഉരുണ്ടുകൂടിയ കാർമേഘങ്ങൾ ആകാശത്തിന്റെ തെളിനീല കയ്യേറിക്കഴിഞ്ഞു. ഇതുപോലെ ഇരുണ്ട ഒരു പകലായിരുന്നു അന്ന്. കർക്കിടകത്തിന്റെ മൂർദ്ധന്യത്തിൽ വെയിലുദിക്കാതെ രണ്ടു ദിവസം കഴിഞ്ഞിരുന്നു.  നിർത്താതെ പെയ്യുന്ന പേമാരി. ഇടക്കിടെയായി അരിച്ചെത്തിയ കാറ്റിൽ വരാന്തയിലേക്ക് തെറിച്ച ജലകണികകളെ കൂട്ടിയോജിപ്പിച്ചു പേരെഴുതി രസിച്ചത് ഇന്നും ഓർമയിൽ നിറം മങ്ങാതെ നിൽക്കുന്നു. അതിനിടയിൽ ഇടക്കെപ്പഴോ കാഴ്ച ഉടക്കിയത് മുറ്റത്തു കെട്ടിനിൽക്കുന്ന മഴവെള്ളം തറയോട് തർക്കിച്ചു സൃഷ്‌ടിച്ച ഓളങ്ങളിലായിരുന്നു. അതിലേക്ക് വീഴുന്ന മഴത്തുള്ളികൾ നീർക്കുമിളകൾ വിരിയിച്ചു. ഇന്നാ മുറ്റമില്ല. കല്ലുപാകിയ മുറ്റത്തു മഴ പെയ്യുമ്പോൾ ഗൃഹാതുരത്വത്തിന്റെ ആ സുഗന്ധമില്ല.


അതിനും രണ്ടുദിവസം മുന്നേ കർമനിരതരായി പ്രവർത്തിച്ച ഒരു കുട്ടിപ്പട്ടാളമായിരുന്നു ഞങ്ങൾ. മഴ പെയ്തു തുടങ്ങിയതു മുതൽ നനവിന്റെ മണമായിരുന്നു ആ അകത്തളങ്ങൾ മുഴുവനും. ഈർപ്പം കിനിഞ്ഞ എല്ലാ മുറികളിലും തണുപ്പ് ഉറഞ്ഞുതുള്ളി. പക്ഷെ അമ്മമ്മ കിടക്കുന്ന പടിഞ്ഞേറ്റകത്തു മാത്രം എന്തുകൊണ്ടോ, ആ കുളിരിലും ഊഷ്മളമായ വായു തളംകെട്ടി നിന്നു. ഒരു കെട്ട് ഓലക്കീറും കൊണ്ട് എല്ലാ മുറികളും വരാന്തയും ഞങ്ങൾ കയറിയിറങ്ങി. കാര്യം ലളിതമായിരുന്നു. മഴ കൂട്ടിപ്പിടിക്കുന്നതിനു മുന്നേ തറയിൽ അവിടവിടെയായി കാണപ്പെട്ട ജലവൃത്തങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം.

തല മുകളിലേക്കുയർത്തി ഓടുകളിൽ നിന്ന് ഓടുകളിലേക്ക് കണ്ണുകൾ പായിച്ചു. ചിലയിടങ്ങളിൽ നേരിയ കീറിലൂടെ ആകാശം  കാണാമായിരുന്നു. മഴവെള്ളത്തിന് അകത്തേക്കുള്ള ആ ജാലകം വാരികൾക്കിടയിലൂടെ ശ്രദ്ധാപൂർവം കയറ്റിവിട്ട ഓലക്കീറു അടച്ചുകളയുന്നത് ഞങ്ങൾ ആകാംക്ഷയോടെ നോക്കിയിരുന്നു. പിന്നെയും ചിലയിടങ്ങളിൽ ചെറിയ നനവ് പടർന്ന് ചെറുതുള്ളികളായി പതിയെ വെള്ളം താഴേക്ക് വീഴുന്നത് സസൂക്ഷ്മം പരിശോധിച്ചു ഓലക്കീറുകൾ കൊണ്ട് അടച്ചത് ഞങ്ങൾക്ക് കൗതുകമായിരുന്നു. പക്ഷെ ചോർന്നൊലിക്കുന്ന മേൽക്കൂര മുതിർന്നവരുടെ നെഞ്ചിലെ ആധിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ കാലമെത്തിയപ്പോഴേക്കും വീടിന്റെ കോലവും മാറിയിരുന്നു.


വീടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഗണപതി ക്ഷേത്രത്തിൽ വിളക്ക് വെച്ചോ എന്ന് സന്ധ്യയാകുമ്പോൾ അമ്മമ്മയുടെ ഒരു ചോദ്യമുണ്ട്. സന്ധ്യാനേരത്ത് ശംഖു മുഴങ്ങുമെങ്കിലും എന്തോ ആ ചോദ്യം ഒരു പതിവായിരുന്നു. ഇന്നത്തെപോലെ വീട്ടിലേക്ക് വണ്ടി വരാൻ വഴിയുണ്ടായിരുന്നില്ല. റോഡിൽ നിന്ന് പടിക്കെട്ടുകൾ ഇറങ്ങി ഒരു ചെറിയ ഇടവഴി. അതിന്റെ വടക്കുഭാഗത്ത് ക്ഷേത്രമതിലും തെക്കുവശത്ത് അയൽവീടിന്റെ കിടങ്ങും ആയിരുന്നു. ആ ഇടവഴിയിൽ ക്ഷേത്രത്തിന്റെ വിറകുപുരയോട് ചേർന്ന് മണ്ണുകൂടിക്കിടന്ന് ഒരു പടിയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർക്കീട്ടിൽ അതിന്റെ മുകളിലൂടെയുള്ള നടത്തം പതിവായിരുന്നു. ഇടവഴി അവസാനിക്കുന്നിടത്ത് മൂന്നു പടികളുള്ള ഒരു കയറ്റം. അത് കയറിയാൽ പറമ്പിലെത്തി. അതിലൂടെ രണ്ടുവശത്തായി വെട്ടുകല്ല് നിരത്തി തെളിച്ചിരിക്കുന്ന വഴി. അവിടെയുള്ള മണ്ണിനു വെളുത്ത നിറമായിരുന്നു. ഒരുപക്ഷെ കിണറു കുഴിച്ച മണ്ണ് അവിടെ നിരത്തിയതാകാം. വീണ്ടും താഴേക്ക് മൂന്നു പടികൾ. വീടിന്റെ മുറ്റമായി. അവിടെ ഇടതുവശത്തായി കുറച്ചു കളർ ചെടികൾ വളർത്തിയിരുന്നു. ഇന്ന് വഴിവെട്ടിയ ഭാഗത്തു പറമ്പിലേക്ക് കയറാൻ നിരത്തി വെച്ച രണ്ടു വെട്ടുകല്ലുകൾ ഉണ്ടായിരുന്നു. കാലത്തിന്റെ തഴമ്പ് കൊണ്ട് അറ്റം ഉരണ്ടുപോയിരുന്നു അവയുടെ!


വീടിന്റെ വരാന്തയിലേക്ക് കയറാൻ ഒരു വലിയ പടി ആയിരുന്നു. സിമന്റ് തേച്ച അതിന്റെ മുകളിൽ തേപ്പുകാരന്റെ കരവിരുതിൽ പിറന്ന ഒരു വട്ടവും അതിൽ നിന്നുള്ള കുറെ വരകളും ഉണ്ടായിരുന്നു. അവയുടെ നീളവ്യത്യാസം പലപ്പോഴും എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. ആ പടി കയറുമ്പോൾ എന്നും പശ്ചാത്തലസംഗീതം പോലെ മനസ്സിൽ തെളിയുന്നത് എതിർവശത്തെ പവർലൂമിൽ നിന്നുള്ള നെയ്ത്തിന്റെ ശബ്ദമാണ്. ആ ശബ്ദം നിലച്ചതും തറവാട് പൊളിച്ചപ്പോൾ വീട്ടുസാധനങ്ങൾ താത്കാലികമായി സൂക്ഷിക്കാനുള്ള ഇടമായി ആ കമ്പനി മാറിയതും പിന്നീട് നടന്ന കഥ. സ്വീകരണമുറിയിൽ ഒരുവശത്തായി തീൻമേശ. അതിനപ്പുറത് അടുക്കളയകത്തേക്കുള്ള വാതിൽ. അതിനെതിർവശത്ത് അടുക്കളയിലേക്കുള്ള വാതിൽ. ഇതിനിടയിലുള്ള ചുമരിന്റെ ഒത്തനടുവിലാണ്  പുറകുവശത്തേക്കുള്ള വാതിൽ.

ആ വാതിലിന്റെ മേൽപ്പടിയിലായിരുന്നു കളിക്കാനുള്ള ഗോട്ടി സൂക്ഷിച്ചിരുന്നത്. കൂട്ടത്തിൽ മുതിർന്ന ആൾ അല്പം അഭിമാനത്തോടെ അടിപ്പടിയിൽ ചവിട്ടി ഏന്തിവലിഞ്ഞു അതെടുക്കാറുണ്ട്. പിന്നീട് ഉയരത്തിൽ സാമർഥ്യം തെളിയിക്കാൻ അമ്മമ്മ കഴിഞ്ഞാൽ അളവുകോൽ ആ വാതിൽപ്പടിയായിത്തീർന്നു. അങ്ങനെ കാലചക്രത്തിന്റെ ആഴത്തിൽ മറഞ്ഞ ആ വീടിന്റെ ഓരോ കോണിലും ഞങ്ങൾക്ക് ചികഞ്ഞെടുക്കാൻ കുറേ നനുത്ത ഓർമ്മകൾ മാത്രം ബാക്കിയുണ്ട്. ഒരിക്കലും ഇനി അനുഭവിക്കാൻ ഇടയില്ലാത്ത, എന്നെന്നേക്കുമായി നഷ്ടപ്പെട്ട, എന്നാൽ ഓർമകളിൽ എന്നും തങ്ങിനിൽക്കുന്ന ഇടങ്ങളും, അവയുടെ ചൂടുപറ്റിയ ബാല്യകാലവും !!!

About the Author and Artist

Anusha belongs to the 2014 12th Standard batch of Amrita Vidyalayam, Kuthuparamba. She has completed B Arch from College of Engineering Trivandrum in 2019. She is currently working as Junior Architect at Forms and Spaces Architectural Consultancy, Kanhangad.