By Anusha Vijayan

ഗാഢമായവളാശിച്ചൂ, 

തൂവൽശകലമാം വാക്കുകളെ-

ത്തൂലികയാലടർത്തിയുടൻ 

ശരസൂചികയാക്കിടുവാൻ! 

കുതറിയെണീറ്റവൾ, 

കണ്ണുകൾ തുറിച്ചൂ പാരിലേക്ക്, 

എഴുതുവാനുതകുന്ന മനസ്സങ്ങു 

പാറിപ്പറന്നൂ വിണ്ണിലേക്ക്.

ചിന്തയിലധിവസിച്ചൂ മാനസം, 

വാക്കുകളെത്തേടി കരങ്ങൾ! 

ഇളംകാറ്റിലാക്കടലാസുതുണ്ടുകൾ, 

പാറിപ്പറന്നവളെത്തലോടി… 

അണപൊട്ടിയൊരാശയങ്ങ-

ളിരമ്പിനിറഞ്ഞൂഹൃത്തിൽ 

തൂലികയേന്തിയാ കൈകളെ-

പ്പക്ഷേ, കൊയ്തുമെതിച്ചൂ ലോകം! 

അടിച്ചമർത്തിത്തുടച്ചുനീക്കിയാ, 

സർഗലാവണ്യത്തെയവർ! 

സമത്വമെന്നതെവിടെ,

വീരപ്രവാചകരേ?

തളച്ചിടുന്നൂവിന്നും പെണ്മനസ്സുകളെ-

യാഴിതൻ കയങ്ങളിൽ… 

അകലെനിന്നവൾ സ്വാതന്ത്രയെങ്കിലു-

മാറികിളവളെ വരിഞ്ഞൂ വലയങ്ങൾ!

മാറുന്ന ലോകത്തിലെ മാറാത്ത 

കാഴ്ചകളിലുരുകുന്നൂ പെണ്ണെഴുത്ത്! 

ഒടുവിലാ, വലയങ്ങളെത്തട്ടി മാറ്റി-

യവളണിഞ്ഞു, ചേതനയിൽ തിരശ്ശീല!

മരണമിന്നവളെയൊ-

രെഴുത്തുകാരിയാക്കി!

പത്രക്കുറിപ്പുകൾ വാഴ്ത്തി-

യവൾക്കിന്നു പൊൻതൂവലേകി 

രക്തം കൊണ്ടവളെഴുതിയ കാവ്യം 

പുഷ്പങ്ങൾ കൊണ്ടങ്ങു സംസ്കരിച്ചു!

(dedicated to all creative minds which were left unopened to the world until demise)

About the Author

Anusha Vijayan, 2014 12th std batch of Amrita Vidyalayam Kuthuparamba. Completed B Arch from College of Engineering Trivandrum in 2019. Currently working as Junior Architect at Forms and Spaces architectural consultancy, Kanhangad.