By Anusha Vijayan

പ്രകൃതിയെ സ്നേഹിച്ച ഞാനെന്തേ,

പച്ചനിറത്തെ വെറുത്തു?

അതോ, വെറുപ്പല്ലതിത്തിരിക്കടുത്ത 

പ്രണയമായിരുന്നുവോ?

ചുറ്റിലും നോക്കി ഞാനിത്തിരിനേരം 

ചുറ്റോടുചുറ്റും നിറഞ്ഞൂ പച്ചനിറം.

നാമ്പുപൊട്ടിമുളച്ചതളിരിലയിലും 

തട്ടിൻപുറത്തെയോട്ടുപാത്രത്തിന്റെ ക്ലാവിലും 

വ്യക്തമായി ഞാൻ കണ്ടതാണാ നിറം; 

സൂര്യരശ്മിയിലുമാവിളക്കുതിരിവെട്ടത്തിലും 

ഓടിയൊളിക്കാനാശിച്ചു ഞാൻ… 

വേട്ടയാടിയാ, നിറമണിഞ്ഞ ചിന്തകൾ 

ഇഷ്ടമല്ലെന്ന വാക്കിലെ ഇഷ്ടം പോലെ 

ഇഷ്ടക്കേടിലും ഞാനറിഞ്ഞോരിഷ്ടം!

വെറുപ്പുകൾക്കൊടുവിലാ പ്രണയത്തെ,

പച്ചപ്രണയത്തെ, ഞാൻ സ്വീകരിച്ചു!

എങ്കിലുമതിത്തിരിക്കടന്നുപോയി!

ഇന്നെനിക്കീ ലോകത്തോടു പ്രണയം…

പച്ചയണിഞ്ഞ ഭൂമിയിൽ പച്ചയായതെല്ലാം 

പ്രണയിനിയായി ഞാൻ പ്രണയിച്ചു…

മങ്ങിത്തുടങ്ങീ പച്ചനിറം 

അസ്തമിക്കാനൊരുങ്ങുന്നുവെന്റെ പ്രണയവും!

ചാരം നിറച്ച പുതുമ പച്ചനിറത്തെ വിഴുങ്ങി,

ഒപ്പം, കടൽവെള്ളത്തിൽ കലങ്ങിയെന്റെ പ്രണയവും.

അന്ത്യശ്വാസത്തിലും ഞാനാഗ്രഹിച്ചൂ,

ഒന്നുകാണുവാനാ പച്ചനിറത്തെ!

മണ്ണിലേക്കു മടങ്ങി ഞാൻ,

എന്റെ പ്രണയം കാലത്തിന്റെ പടവുകളിലും;

ഭൂമിയെ വീണ്ടും മഴ പുണർന്നു-,

വെനിക്കുമീതെ പുൽനാമ്പുകൾ തളിർത്തു.

കണ്ടു ഞാനവയ്ക്കിത്തിരി-

ക്കടുത്ത പച്ചനിറമായിരുന്നൂ!

മടങ്ങിയെൻ പ്രണയം ഭൂമിയിലേക്ക് 

പുതിയൊരു പ്രണയിനിയെത്തേടി!

About the Author

Anusha Vijayan, 2014 12th std batch of Amrita Vidyalayam Kuthuparamba. Completed B Arch from College of Engineering Trivandrum in 2019. Currently working as Junior Architect at Forms and Spaces architectural consultancy, Kanhangad.